ദില്ലി: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ചാബാധിത പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. എട്ടു സംസ്ഥാനങ്ങള്‍ക്കുമായി 24,000 കോടി രൂപ ധനസഹായമായി നല്‍കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 50 അധിക ദിനങ്ങള്‍ കൂടി നല്‍കും.

കേരളം,തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഉത്താരഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മദ്യപ്രദേശ് സംസ്ഥാനങ്ങളെയാണ് കേന്ദ്രം വരള്‍ച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്. ഇക്കണോമിക് ടൈംസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. എട്ടു സംസ്ഥാനങ്ങള്‍ക്കുമായി ഉടന്‍ 24,000 കോടി രൂപ നല്‍കും. തുകയുടെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. തമിഴ്‌നാടിന് 2014 കോടി രൂപ കേന്ദ്രം നല്‍കി.

കര്‍ണാടകയ്ക്കും കേന്ദ്രം ധനസഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ 14 ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. 992 കോടി രൂപയാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പാര്‍ലെമന്റ് സമ്മേളനം കഴിയുന്ന ഈ മാസം 12ന് ശേഷം പത്തംഗ കേന്ദ്രസംഘം വരള്‍ച്ച പഠിക്കാന്‍ സംസ്ഥാനത്തെത്തും.