അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി.

സിറിയ ചോര കൊണ്ട് ചുവന്ന മറ്റൊരു ദിനം കൂടിയാണ് കടന്നുപോയത്. ഭീകരരെ ലക്ഷ്യമാക്കിയുള്ള സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ജീവന നഷ്ടമായത് സാധാരണക്കാരായ 80 പേര്‍ക്ക്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിയും ആക്രമിക്കപ്പെട്ടവയിലുള്‍പ്പെടുന്നു. ഇവിടെ അഞ്ചു കുട്ടികളുള്‍പ്പടെ 21 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാത്‌ബോ നഗരത്തിലുണ്ടായ ആക്രമണത്തില്‍ മരിച്ചത് 19 പേരാണ്.

മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സിറിയ വീണ്ടും കലുഷിതമാകാന്‍ തുടങ്ങിയത്. സന്നദ്ധ സംഘടനകളുടെ ക്യാന്പുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. അതിനിടെ ഭീകരര്‍ക്കെതിരായ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ പറഞ്ഞു. ഇതുവരെ വ്യോമാക്രമണം മാത്രം നടത്തിയിരുന്ന റഷ്യ കരയുദ്ധത്തിലേക്ക് കൂടി കടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ആയുധങ്ങളും സൈന്യത്തെയും റഷ്യ എത്തിച്ചതായുള്ള റിപ്പോര്‍ട്ട് യുകെ ആസ്ഥാനമായ സന്നദ്ധസംഘടന പുറത്ത് വിട്ടു.