മക്ക: ഈ റമദാനില്‍ എണ്‍പത്തിയഞ്ചു ലക്ഷത്തോളം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ച വ്യാധി രോഗങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റമദാന്‍ മാസത്തിലാണ് മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിക്കുന്നത്. ആഭ്യന്തര തീര്‍ഥാടകരും വിദേശ തീര്‍ഥാടകരും ഉള്‍പ്പെടെ എണ്‍പത്തിയഞ്ചു ലക്ഷം പേര്‍ ഈ റമദാനില്‍ ഉംറ നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ ഉംറ നിര്‍വഹിച്ചവരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷത്തില്‍ താഴെയായിരുന്നു. ഇതില്‍ 43,35,000 ഉം സൌദികള്‍ ആയിരുന്നു. അതായത് ഉംറ നിര്‍വഹിക്കുന്നവരില്‍ പകുതിയിലേറെ പേരും സ്വദേശികള്‍ ആണ്. വിദേശ തീര്‍ഥാടകരില്‍ കൂടുതലും റമദാനില്‍ ആദ്യത്തെ പത്ത് ദിവസങ്ങളിലാണ് മക്കയില്‍ എത്താറുള്ളത്. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം റമദാന്‍ തുടക്കം വരെ 57,12,372 തീര്‍ഥാടകര്‍ മക്കയിലെത്തി. അഞ്ചു ലക്ഷത്തില്‍ താഴെ വിദേശ തീര്‍ഥാടകര്‍ മാത്രമാണ് ഇപ്പോള്‍ മക്കയിലും മദീനയിലുമായി ഉള്ളത്. അതേസമയം ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ഇതുവരെ പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആവശ്യമുള്ളവര്‍ക്ക് ആശുപത്രികളിലും, പ്രാധമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നൂറുക്കണക്കിനു തീര്‍ഥാടകരാണ് ഓരോ ദിവസവും ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്.
