സാവോപോളോ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ മരിച്ചു. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിലെ കൊളോണി അഗ്രോ ഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിച്ച ആക്രമികള്‍ സെല്ലിലെ കിടക്കകള്‍ക്ക് തീയിട്ടു. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിയിടിയില്‍ 106 തടവുകാര്‍ ജയില്‍ ചാടിയതായും ഇതില്‍ 29 പേരെ പിടികൂടിയതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപത്തിനിടയില്‍ 129 പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജയിലിലേക്ക് തന്നെ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ അധികൃതര്‍ ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഒരു വര്‍ഷം മുമ്പ് ബ്രസീലിലെ ആമസോണ്‍, അനിസിയോ ജോബിം പെനിറ്റെന്‍ഷ്യറി കോംപ്ലക്‌സ് ജയിലിലുണ്ടായ കലാപത്തില്‍ 56 പേര്‍ മരിച്ചിരുന്നു.