മസ്‌ക്കറ്റ്: നാല് മാസമായി ശമ്പളവും, ആഹാരവും ഇല്ലാതെ, തൊള്ളായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഒമാനിലെ സോഹാറില്‍ കുടുങ്ങി കിടക്കുന്നു. ഒമാന്‍ തൊഴില്‍ മന്ത്രാലയവും, ഇന്ത്യന്‍ എംബസിയും പ്രശ്‌നപരിഹാരത്തിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥയിലുള്ള എഞ്ചിനീയറിംഗ് കമ്പനിയിലെ തൊഴിലാളികളാണ് പ്രശ്‌നത്തില്‍ അകപെട്ടിരിക്കുന്നത്.
സോഹാറിലെ മജിസ് എന്ന സ്ഥലത്തുള്ള ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്ന ഒരു എഞ്ചിനീയറിംഗ് കമ്പനിയിലെ 900ത്തോളം തൊഴിലാളികളാണ് ഇങ്ങനെ ഒരു ദുര്‍വിധിയില്‍ അകപെട്ടിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയില്‍ ഉള്ള ഈ കമ്പനിയില്‍ മൂന്നു ഇന്ത്യന്‍ ബിസ്സിനസ് പങ്കാളികള്‍ ആണ് ഉള്ളത്. കമ്പനിക്കെതിരെ, മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലും ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലും തൊഴിലാളികള്‍ ഇതിനകം പരാതികള്‍ നല്‍കി കഴിഞ്ഞു.
ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും എട്ടു വര്‍ഷത്തോളമായി ഈ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു, ആയതിനാല്‍ ശമ്പളത്തിന് പുറമെ വിരമിക്കല്‍ ആനുകൂല്യവും നഷ്ടമാകുമെന്ന പിരിമുറുക്കത്തിലാണ് ഇവര്‍. ഇന്ത്യന്‍ എംബസിയും, ഒമാന്‍ തൊഴില്‍ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടതിനാല്‍ പ്രശ്ങ്ങള്‍ക്കു വേഗത്തില്‍ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ ഇവര്‍ക്ക് ഉണ്ടെങ്കിലും, തൊള്ളായിരത്തോളം വരുന്ന ഇത്രയും വലിയ ഒരു സംഘത്തെ എങ്ങനെ അധികാരികള്‍ കൈകാര്യം ചെയ്യും എന്ന ആശങ്കാലയിലാണ് തൊഴിലാളികള്‍.
