തിരുവനന്തപുരം: പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുക്കളായ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആഴാകുളം വില്‍സ് ആശുപത്രിക്ക് സമീപം ജയ സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബൈജു (38), ആഴാകുളം പോറോട് കുളത്തിന് സമീപം താന്നിവിള വീട്ടില്‍ രവീന്ദ്രന്‍ (71)എന്നിവരാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കുട്ടിയുടെ അമ്മ ആത്മഹത്യചെയ്യുകയും പ്രേരണ കുറ്റത്തിന്റെ പേരില്‍ അച്ഛന്‍ ജയിലില്‍ ആവുകയും ചെയ്തതോടെ അനാഥരായ പെണ്‍കുട്ടിയും അനുജനും അമ്മൂമ്മയുടെ സംരക്ഷണയിലായി. ഇവിടെ വെച്ച് ഇക്കഴിഞ്ഞ നവംബര്‍ 2 ന് വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി അമ്മുമ്മയുടെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് അമ്മൂമ്മക്ക് അസുഖമായതോടെ കുട്ടികളെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് ബൈജുവും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇതിനിടയില്‍ കുട്ടി സംഭവം സഹപാഠിയോട് പറയുകയും സഹപാഠിയില്‍ നിന്ന് കാര്യമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയികികുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൂജപ്പുര പോലീസ് എടുത്ത കേസ് കോവളം പോലീസിന് കൈമാറിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പോക്‌സോ നിയമ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയതായും കോടതി പ്രതികളെ റിമാന്റ് ചെയ്തതായും കോവളം എസ്.ഐ. അജിത്കുമാര്‍ പറഞ്ഞു.