വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലെ ഏറ്റവും തിരക്കുള്ള മണിക്കൂറുകളിലാണ് സംഭവം. ട്രാഫിക് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാര്‍ക്ക് അധികൃതരെത്തിയാണ് പ്രശ്നം പരിഹരിച്ചത്

മുംബൈ: വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ തിരക്ക് പിടിച്ച മണിക്കൂറുകള്‍ക്കിടെയാണ് സംഭവം നടന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ സദാ പാഞ്ഞുകൊണ്ടിരിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കൂടി നടന്നുപോകുന്നവരാണ് ആദ്യം ആ കാഴ്ച കണ്ടത്. 

ഹൈവേയ്ക്ക് സമീപമുള്ള ചെറിയ ഒരു ഓടയില്‍ കുടുങ്ങിക്കിടക്കുന്ന മലമ്പാമ്പ്. നാഷണല്‍ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുചാടിയതാണെന്ന് കരുതുന്ന പാമ്പ് നഗരത്തിലെ തിരക്കുള്ള കേന്ദ്രങ്ങളിലൂടെയെല്ലാം ഇഴഞ്ഞാണ് റോഡരികിലുള്ള ഓടയിലെത്തിയത്. എന്നാല്‍ ഇടുങ്ങിയ ഓടയ്ക്കകത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചതോടെ പകുതിക്ക് വച്ച് കുടുങ്ങുകയായിരുന്നു. 

അപൂര്‍വ്വമായ കാഴ്ച കാണാന്‍ ജനം കൂടിയതോടെ സ്ഥലത്ത് തിരക്കേറി. സംഗതി കയ്യില്‍ നില്‍ക്കില്ലെന്ന് ഉറപ്പായ ട്രാഫിക് പൊലീസുകാര്‍ വിവരം സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കില്‍ നിന്നെത്തിയ സംഘമാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.

ആറടിയോളം നീളമുള്ള മലമ്പാമ്പിന് അപകടത്തില്‍ കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. വൈകാതെ തന്നെ ഇതിനെ പാര്‍ക്കിലേക്ക് തുറന്നുവിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.