ജി.വി. രാജ സ്കൂളിലെ ഭക്ഷ്യ വിഷബാധ ഉന്നത തല അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യ വിഷബാധയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി എ.സി.മൊയ്തീൻ. ഭക്ഷ്യ വിഷബാധ പൊലീസും, അഴിമതി ആരോപണം ധനകാര്യ പരിശോധനാ വിഭാഗവും അന്വേഷിക്കും. വിദ്യാര്‍ഥികള്‍ അന്വേഷണത്തെ സ്വാഗതം ചെയ്തു.

ജിവി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ ദുരൂഹതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഉന്നത തല അന്വേഷണം നടത്താനുളള സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

പ്രിന്‍സിപ്പലിനെതിരായ നടപടി ഏകപക്ഷീയമാണെന്നും ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും വിദ്യാര്‍ഥികല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണത്തെ സ്വാഗതം ചെയ്ത വിദ്യാര്‍ഥികള്‍ പക്ഷേ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അടിക്കടിയുണ്ടാകുന്ന ഭക്ഷ്യബാധയില്‍ അധ്യാപകര്‍ക്കിടയിലെ ചേരിപ്പോരും കാരണമായെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ എസ്.ജയിന്‍ രാജിനെയും സ്ഥലംമാറ്റിയിരുന്നു.