ദില്ലി: ശബരിമല പോലുള്ള വിഷയങ്ങളിൽ ഭരണഘടനാ ധാർമ്മികത ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി ഇടപെടലിനെതിരെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ രംഗത്ത്. ഇന്ത്യയിലെ സുപ്രീംകോടതി മറ്റേതൊരു രാജ്യത്തെ പരമോന്നതകോടതിയേക്കാളും അധികാരം സ്വയം കയ്യാളുകയാണെന്നും അറ്റോർണി ജനറൽ കുറ്റപ്പെടുത്തി.

അക്ഷരാഭ്യാസം ഇല്ലാത്ത 26 ശതമാനം ജനങ്ങൾക്ക് പോലും എന്താണ് നല്ലതെന്നും മോശമെന്നും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുണ്ട്. കോടതി ഇടപെട്ടില്ലെങ്കിൽ രാജ്യം നശിക്കുമെന്ന വിശ്വാസം നല്ലതല്ലെന്നും എ ജി ഒരു പ്രഭാഷണത്തിൽ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ശബരിമല യുവതി പ്രവേശന വിധിയോടുള്ള എതിർപ്പ് അറ്റോർണി ജനറൽ പരസ്യമായി വ്യക്തമാക്കുന്നത്.

ഭരണഘടനാ ധാർമ്മികത അതിന്‍റെ ജനനത്തോടെ ഇല്ലാതായി എന്നാണ് തന്‍റെ നിലപാട്. ഭരണഘടനാ ധാർമ്മികത ചൂണ്ടിക്കാട്ടി എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടാൽ നെഹ്റു കരുതിയിരുന്നത് പോലെ ഒരു മൂന്നാം സഭയായി സുപ്രീം കോടതി മാറും. കോടതി വിധി രാജ്യത്തെ നിയമമാണെന്ന് വ്യക്തമാക്കുന്ന 142ാം അനുച്ഛേദം നിയമത്തിന് അതീതമാണെന്ന വ്യഖ്യാനത്തിന് സുപ്രീംകോടതി ഉപയോഗിക്കരുത്. ലോകത്തെ മറ്റേതൊരു പരമോന്നത കോടതിയെക്കാൾ കൂടുതൽ അധികാരം ഇതുവഴി ഇന്ത്യയിലെ സുപ്രീംകോടതി കൈയ്യാളുകയാണ്.

ഞങ്ങൾ ഇന്ത്യയുടെ ജനങ്ങൾ എന്നാണ് ഭരണഘടനയുടെ തുടക്കത്തിൽ പറയുന്നത്. സർക്കാരിന്‍റെ നിലപാടല്ല, തന്‍റെ വ്യക്തിപരമായ നിലപാടാണിതെന്നും കെകെ വേണുഗോപാൽ വിശദീകരിച്ചു.