കഴിവുള്ള മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം ഒരു വര്‍ഷം കൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി ആന്‍റണി
ദില്ലി: മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുള്ള മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം ഒരു വര്‍ഷം കൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിര്‍ദേശത്തെ പൊതുവില്‍ സ്വാഗതം ചെയ്യുന്നതായി ആന്‍റണി പറഞ്ഞു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നത് ബുദ്ധിമുട്ടായേക്കും എങ്കിലും തങ്ങളാല്‍ ആവുന്ന സഹായം അവരും ചെയ്യണം.
അടിയന്തരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം വളരെ നല്ലരീതിയില്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും കേരളത്തിന്‍റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് അത് നന്നായി കൈകാര്യം ചെയ്തു. ഇനി വേണ്ടത് പുനരധിവാസമാണ്. ക്യാംപുകളിലെ ജീവിതത്തെക്കുറിച്ചോ അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചോ ആളുകള്‍ക്ക് പരാതിയില്ല. വീട്ടിലും ഉള്ളതിലും നല്ല സൗകര്യമാണ് ക്യാംപുകളില്‍ എന്നാണ് എന്നോട് പലരും പറഞ്ഞത്. എന്നാല്‍ ക്യാംപുകള്‍ പിരിച്ചു വിട്ടാല്‍ എങ്ങോട്ടു പോകും എന്നറിയാത്ത അവസ്ഥയിലാണ് പലരും.
വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍, കൃഷി സ്ഥലം നഷ്ടപ്പെട്ടവര്‍,തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇവരെയെല്ലാം പുനരധിവസിപ്പിക്കണം. ഭാഗീകമായി വീട് തകര്‍ന്നവരുടെ കാര്യത്തില്‍ അടിയന്തരമായി വീടുകള്‍ ശുചീകരിക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും വേണം. വൈദ്യുതി,ടെലിഫോണ്‍,ഗതാഗത സൗകര്യങ്ങളും എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം.
വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് കുറച്ചു നാള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ട സാന്പത്തികസഹായങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചയായി കുട്ടനാട്ടില്‍ വെള്ളമിറങ്ങിയിട്ടില്ല. പ്രളയബാധിത മേഖലകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ് അതും പുനര്‍നിര്‍മ്മിക്കണം... ഇതെല്ലാമാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ പുനര്‍നിര്‍മ്മാണം വരുന്നത്. അതിന് എന്‍റെ പൂര്‍ണപിന്തുണയുണ്ട്.
