കോട്ടയം: പരിപാടിക്ക് കൃത്യസമയത്ത് എത്തുകയും ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകാതെ ക്ഷമയോടെ ഇരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആദ്യമായി കണ്ടതിന്‍റെ അത്ഭുതത്തിലാണ് സാക്ഷാല്‍ എ കെ ആന്‍റണി. കഴിഞ്ഞദിവസം പാലായില്‍ കെ പി സി സി സംഘടിപ്പിച്ച മുതിര്‍ന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസിലെ ഈ അപൂര്‍വ പ്രതിഭാസം ആന്‍റണിയെപ്പോലും അതിശയിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടകന്‍ കൂടിയായ എ കെ ആന്‍റണി നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പതിവ് രീതിയനുസരിച്ച് സ്വാഭാവികമായും പരിപാടി വൈകുമെന്ന കണക്കുകൂട്ടലില്‍ ആന്‍റണി, സമീപത്തുള്ള ജ്യേഷ്‍ഠന്‍റെ വസതിയിലേക്കൊന്നു പോയി. എന്നാല്‍ അവിടെ ചെന്നു കയറിയില്ല, അതിനു മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നറിയിച്ച് ഡി സി സി പ്രസിഡന്‍റ് ജോഷി ഫിലിപ്പിന്‍റെ വിളിയെത്തി. തിരികെ വേദിയിലേക്ക്.

മൂന്നു മണിക്ക് തുടങ്ങിയ ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം തുടങ്ങുമ്പോള്‍ സമയം 4.30. ഈ സമയം വരെ സദസില്‍ നിന്നും ഒരാളുപോലും ഇറങ്ങിപ്പോയില്ല. ഇതും കൂടിയായപ്പോള്‍ പ്രവര്‍ത്തക സമിതിയംഗം കൂടിയായ ആന്‍റണി അതിശയിച്ചു പോയി. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 'ഞാനൊരു സത്യം പറയട്ടെ' എന്ന മുഖവുരയോടെയാണ് ആന്‍റണി ഇക്കാര്യം പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഒപ്പം പ്രവര്‍ത്തകരെ അഭിനന്ദിക്കാനും മറന്നില്ല. അതോടെ സദസില്‍ നിന്നും നിറഞ്ഞ കൈയ്യടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു പാലായില്‍ നടന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം യുവജന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാവ് എം.എം ജേക്കബിനെയാണ് ഇവിടെ ആദരിച്ചത്. 1952ല്‍ ബി.എസ്.എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ എം.എം ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്നത്തെ യുവനേതാക്കള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എം എം ജേക്കബിന്‍റെ പ്രത്യേകതയെന്ന് ഇന്ദിരാഗാന്ധിജന്‍മശദാബ്ദി പുരസ്‌കാരം കൈമാറി ആന്‍റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് എം എം ഹസന്‍ അധ്യക്ഷനായിരുന്നു.