തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. അതേസമയം അവരെ അനുമോദിക്കുകയാണ് താന്‍ നിയമസഭയില്‍ ചെയ്തതെന്നും ബാലന്‍ വ്യക്തമാക്കി. ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. പത്മശ്രീ പുരസ്കാരം നല്‍കുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും ആരോപണങ്ങള്‍ക്ക് ബാലന്‍ മറുപടി നല്‍കി.
ജ്യോത്സ്യത്തിനും കൈനോട്ടത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ താന്‍ തന്നെ തന്റെ പേര് നിര്‍ദേശിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പാരമ്പര്യ ചികിത്സാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ശബരീനാഥന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പരമാര്‍ശം.
പൊന്മുടി, കല്ലാര്‍ മൊട്ടന്‍മൂട് കോളനി നിവാസിയായ ലക്ഷ്മിക്കുട്ടി അമ്മ നാട്ടുവൈദ്യ വിദഗ്ധയാണ്. നാട്ടുവൈദ്യ ചികിത്സയില്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധയാണ് ഈ 73 കാരി. ഉഗ്രവിഷമുള്ള പാമ്പിന്‍റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ലക്ഷ്മിക്കുട്ടി അമ്മയുടെ കയ്യിലുണ്ട്. വിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഈ മുത്തശ്ശി
