പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ അനുശോചിച്ചു.
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ അനുശോചിച്ചു. പഴയ തലമുറയിലെ ഏറ്റവും പ്രമുഖനായ ഹിറ്റ് മേക്കറായിരുന്ന അദ്ദേഹം അഭിനയം മുതൽ വിതരണം വരെ മലയാള ചലച്ചിത്ര രംഗത്തെ എല്ലാ രംഗത്തും തിളങ്ങിയാളായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു തമ്പി കണ്ണന്താനം. നാളെ എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമെന്ന് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും അറിയിച്ചു. സംസ്കാരം മറ്റന്നാൾ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് നടക്കും. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏഞ്ജൽ എന്നിവർ മക്കളാണ്. രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, തുടങ്ങി പതിനാറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
