ഹൈദരാബാദ്: ബസില്‍ പൊലീസുകാരിയും വനിത കണ്ടക്ടറും തമ്മില്‍തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത പൊലീസുകാരിയും ബസിലെ വനിതാ കണ്ടക്ടറുമാണ് യാത്രക്കാരെ സാക്ഷിയാക്കി ഏറ്റുമുട്ടിയത്. 

തെലങ്കാനയിലായിരുന്നു സംഭവം. മുഹമൂബ്‌നഗര്‍ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും ബസ് കണ്ടക്ടര്‍ ശോഭ റാണിയുമാണ് സംഭവത്തിലെ നായികമാര്‍.

പൊലീസുകാരിയായ രജിതകുമാരി ടിക്കറ്റ് വിലയായ 15 രൂപ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. യൂനിഫോമിലാലായിരുന്ന രജിതകുമാരി താന്‍ ഡ്യൂട്ടിയിലാണെന്നും ടിക്കറ്റ് എടുക്കില്ലെന്നും പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശോഭ റാണിയും വ്യക്തമാക്കി. 

വാറണ്ട് നല്‍കാന്‍ പോകുന്ന അവസരത്തില്‍ മാത്രമെ സ്വകാര്യ ബസുകളില്‍ പൊലീസുകാര്‍ക്ക് സൗജന്യയാത്ര അനുവദിക്കുകയുള്ളു ശോഭ റാണി അറിയിച്ചു. വാക്ക് തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ബസിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണിപ്പോള്‍.