''മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണ്. പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്നേഹിയെ കുറിച്ച് അവിടെ പോയാലറിയാം'' - എ എന്‍ ഷംസീര്‍

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ടി പി വധക്കേസ് പ്രതി കുഞ്ഞനന്തനെ മനുഷ്യ സ്നേഹി എന്ന് വിശേഷിപ്പിച്ച് സിപിഎം എംഎല്‍എ എ എന്‍ ഷംസീര്‍. ആര്‍എസ്എസും കോണ്‍ഗ്രസുമാണ് ടി പി വധക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കുഞ്ഞനന്തനെ കുടുക്കിയതാണെന്നും ഷംസീര്‍ പറഞ്ഞു.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകളുടെ ആത്മാര്‍ത്ഥതയെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഷംസീര്‍. 

''മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണ്. പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്നേഹിയാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസ്'' - എ എന്‍ ഷംസീര്‍ പറഞ്ഞു. 

പി ജയരാജനെയും ഭീകരനായി ചിത്രീകരിക്കുന്നുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടും കണ്ടിട്ട് മിണ്ടിയില്ലെന്ന ബാലിശമായ വാദത്തിന്‍റെ പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലീം ലീഗും ചേര്‍ന്ന് കേസില്‍ കുടുക്കിയതാണ്. സിബിഐ കൂട്ടിലടച്ച തത്തയാണ്. കുഞ്ഞനന്തനോട് ആര്‍എസ്എസിന് വിരോദമുണ്ടാകാന്‍ കാരണമുണ്ട്. ഒരു പ്രദേശത്ത് പാര്‍ട്ടി ഉണ്ടാക്കിയ ആളാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നമുണ്ട്. കമ്യൂണിസ്റ്റ് ആണെങ്കില്‍ ചികിത്സ ലഭിക്കാന്‍ പാടില്ലെന്നുണ്ടോ എന്നും ഷംസീര്‍ ചര്‍ച്ചയില്‍ ചോദിച്ചു.