തിരുവനന്തപുരം: പരിയാരത്ത് നിന്നും ശ്രീചിത്രയിലേക്ക് ആംബുലന്‍സില്‍ പറന്നുവന്ന ലൈബ ഫാത്തിമ പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലെത്തിയ ദിവസം തന്നെ മറ്റൊരു ആംബുലന്‍സ് കാസര്‍കോട് നിന്നും ശ്രീചിത്രയിലേക്ക് എത്തി. 

കാസര്‍ഗോഡ് സ്വദേശികളായ അഹമദ് കബറുന്നീസ ദമ്പതികളുടെ 2 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ജീവനുമായി അടുത്ത ആംബുലന്‍സ് കാസര്‍ഗോഡ് നിന്നും തിരിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം, കേരള പോലീസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവര്‍ കൈകോര്‍ത്തു. വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക് കാസര്‍ഗോഡ് നിന്ന് യാത്ര തിരിച്ച ഐ.സി.യു ആംബുലന്‍സ് ശനിയാഴ്ച്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ കുഞ്ഞുമായി എത്തി. 

ആംബുലന്‍സ് കടന്നു പോയ എല്ലാം ജില്ലകളിലും ചൈല്‍ഡ് പ്രൊട്ടക്ട് ടീം പ്രവര്‍ത്തകര്‍ വഴിയൊരുക്കാന്‍ നിലയുറപ്പിച്ചിരുന്നു. മാരാരിക്കുളത്ത് വാഹനാപകടം കാരണം റോഡില്‍ തടസം തടസ്സം അനുഭവപ്പെട്ടെങ്കിലും പോലീസിന്റെ സംയോജിത ഇടപെടയില്‍ ആംബുലന്‍സിന് തടസം കൂടാതെ വേഗത്തില്‍ കടന്നു പോകാന്‍ കഴിഞ്ഞു. സിപിടി മിഷന്‍ ഹെല്‍പ്പിങ്ങ് ഹാന്‍ഡ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.