നാട്ടുകാരാണ് തലയില്‍ വളരുന്ന ചെടിയുമായി എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് എലിയെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുകയായിരുന്നു

ഇന്‍ഡോര്‍: രത്‌ലാമില്‍ ഒരു കര്‍ഷകന്‍റെ വീടിന് സമീപമാണ് അപൂര്‍വ്വ സംഭവമുണ്ടായിരിക്കുന്നത്. ദേഹത്ത് വളരുന്ന ചെടിയുമായി എലിയെ നാട്ടുകാരാണ് കണ്ടെത്തിയത്. എലിയുടെ തലയില്‍ നിന്ന് ഒരു സോയ വിത്ത് മുളച്ച് വളര്‍ന്നിരിക്കുകയായിരുന്നു. 

നാട്ടുകാര്‍ ഉടന്‍ തന്നെ സംഭവം കര്‍ഷകന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഇദ്ദേഹം എലിയെ മൃഗ ഡോക്ടര്‍മാരുടെ അടുത്തെത്തിച്ചു. ഡോക്ടര്‍മാരാണ് അപൂര്‍വ്വമായ സംഭവത്തിന്റെ കാരണം കണ്ടെത്തിയത്. എലിയുടെ തലയിലുണ്ടായ ആഴത്തിലുള്ള മുറിവിലേക്ക് അബദ്ധത്തില്‍ എവിടെ നിന്നോ സോയ വിത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് മുറിവിലിരുന്ന് വിത്ത് പൊട്ടിമുളച്ചു. തണ്ടുകളും ഇലകളുമെല്ലാം പൊടിച്ച്, ഇത് ചെടിയായി വളരുന്നതിനിടെയാണ് എലിയെ നാട്ടുകാര്‍ കണ്ടെത്തിയത്. 

ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ഈ ചെടി എലിയുടെ തലയില്‍ നിന്ന് മുറിച്ചുമാറ്റുകയായിരുന്നു. വിത്ത് വീണ് ചെടിയായി വളരുന്ന കാലം വരെ ഏറെ വേദനയോടെയായിരുന്നു എലി ജീവിച്ചിരുന്നതെന്നും ഇത് എലിയുടെ ജീവന് തന്നെ ആപത്തായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം എലി സുഖം പ്രാപിച്ച് വരികയാണെന്നും ഇവര്‍ അറിയിച്ചു.