Asianet News MalayalamAsianet News Malayalam

പാർട്ടി സമ്മേളന കാലയളവിൽ ജയരാജനെതിരെ വിമർശനം ഉണ്ടായതിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തി

a sect unhappy in criticism against p jayarajan during party summit
Author
Kannur, First Published Nov 22, 2017, 9:13 AM IST

കണ്ണൂര്‍:  പാർട്ടി സമ്മേളന കാലയളവിൽ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വിമർശനം ഉണ്ടായതിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റിയുടെ വിമർശനവും നിർദ്ദേശങ്ങളും റിപ്പോർട്ട് ചെയ്തു. കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ ചേർന്ന സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സമിതിയുടെ എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്. ജില്ലാ സെക്രട്ടറി സ്വയം മഹത്വവത്ക്കരിച്ച് പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുന്നു എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിമർശനം. ജില്ലാ കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. സംസ്ഥാന കമ്മിറ്റിയുടെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നാണ് പി.ജയരാജൻ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. 

എന്നാൽ സമ്മേളന കാലയളവിലുണ്ടായ വിമർശനം ശരിയായില്ലെന്ന് ജയരാജനെ അനുകൂലിക്കുന്ന ഒരു വിഭാഗം ജില്ലാ കമ്മിറ്റിയിൽ നിലപാട് എടുത്തു. സമ്മേളനങ്ങൾ നടക്കുന്നതിനാൽ തൽക്കാലം ഈ വിഷയം കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യില്ല. ഇതിൽ സംസ്ഥാന നേതൃത്യം പിന്നീട് തീരുമാനമെടുക്കും. വിമർശനത്തിന് ശേഷവും ജയരാജനെ അനുകൂലിച്ച് ബോർഡുകൾ സ്ഥാപിച്ചതിനെ ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. 

സാമൂഹിക നവ മാധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങളിൽ കൂടുതൽ ജാഗ്രത വേണം എന്നും ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിലാകണം ഇതെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. വ്യക്തി പൂജ എന്നു തോന്നിപ്പിക്കുന്ന പ്രചരണങ്ങൾ പാർട്ടിക്ക് യോജിച്ചതല്ല, ഇക്കാര്യത്തിൽ അണികളെ നിയന്ത്രിക്കണമെന്നും നേതാക്കളിൽ നിന്ന് അഭിപ്രായം ഉയർന്നു.

Follow Us:
Download App:
  • android
  • ios