എട്ടുനിലക്കെട്ടിടത്തിന്‍റെ ഉയരത്തില്‍ ഉയര്‍ന്നടിച്ച ഭീമന്‍ തിരമാല

വെല്ലിങ്ടണ്‍: ലോക റെക്കോര്‍ഡിട്ട് ഭീമന്‍ തിരമാല ന്യൂസിലാന്‍ഡില്‍. ദക്ഷിണ അര്‍ദ്ധഗോളത്തിലാണ് എട്ട് നില കെട്ടിടത്തിന്‍റെ ഉയരമുള്ള ഭീമന്‍ തിരമാല രൂപപ്പെട്ടത്. 23.8 മീറ്റര്‍ (78 അടി) ഉയരത്തിലാണ് തിരമാല ഉയര്‍ന്നടിച്ചത്.

ചൊവ്വാഴ്ച ആഞ്ഞടിച്ച തിരമാല ദക്ഷിണാര്‍ധഗോളത്തിലെ ഏറ്റവും വലിയ തിരമാലയായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു‍. ന്യൂസിലാന്‍ഡിന് തെക്ക് 700 കിമീ അകലെ കാംപ്‌ബെല്‍ ദ്വീപുകള്‍ക്കടുത്താണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ തിരമാല രൂപപ്പെട്ടത്. മെറ്റ്ഓഷ്യന്‍ സൊലൂഷന്‍സ് എന്ന ഗവേഷകസംഘമാണ് ഇക്കാര്യം അറിയിച്ചത്. 

2012-ലെ 22.03 മീറ്റര്‍ ഉയരത്തിലുള്ള തിരമാലയാണ് ഇതുവരെ ദക്ഷിണാര്‍ധഗോളത്തില്‍ ഉണ്ടായ ഏറ്റവും വലിയ തിരമാലയായി കണക്കാക്കപ്പെടുന്നത്. 1958-ല്‍ അലാസ്‌കയില്‍ സുനാമിയുടെ ഭാഗമായി ഉണ്ടായ 30.5 മീറ്റര്‍ ഉയരത്തിലുള്ള തിരമാലയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലുതെന്ന് സ്മിത്സോണിയന്‍ മാസികയില്‍ പറയുന്നു.