ദൃശ്യങ്ങളിൽ നിന്നാണ് അവൾ അല്ല മോഷ്ടാവ് 'അവനാ'ണെന്ന് മനസ്സിലായത്.
എറണാകുളം: കളമശ്ശേരിയിൽ മോഷ്ടാവെത്തിയത് സ്ത്രീ വേഷത്തിൽ. വേഷം കെട്ടൽ നാട്ടുകാർ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്ന് കളഞ്ഞു. മുപ്പത്തടത്തം കാമ്പിള്ളി റോഡിലാണ് സംഭവം. നാട്ടുകാരനായ ഭാസ്‌കരനാണ് കള്ളനെ കണ്ടത്. രോഗബാധിതനായ ഭാസ്കരൻ പുലർച്ചെ വരാന്തയിലിരിക്കുമ്പോഴാണ് ഒരു സ്ത്രീ വീടിനടുത്തെ വഴിയിൽ നിൽക്കുന്നതായി കണ്ടത്. ആരാണെന്ന് ചോദിച്ചതും മതിലിന്‍റെ മറവിലേക്ക് നീങ്ങി. വടിയെടുത്ത് പിന്നാലെ ചെന്നതും സ്ത്രീരൂപം ഓടിപ്പോയി.
ഉടൻ തന്നെ അയൽക്കാരെ വിളിച്ച് കൂട്ടി, പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്നാണ് അവൾ അല്ല മോഷ്ടാവ് 'അവനാ'ണെന്ന് മനസ്സിലായത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ മോഷണത്തിനായി ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ പൊലീസെത്തി പരിശോധിച്ചു. ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്നും പ്രദേശത്ത് മോഷണം പതിവായ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
