ദില്ലി: മരണസർട്ടിഫിക്കറ്റ് കിട്ടാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കെയർഹോമുകളിൽ എത്തുന്ന കുട്ടികൾക്ക് ഇനി ആധാർ നിർബന്ധമാക്കും.കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും അവരുടെ പുനരധിവാസം സുഗമമാക്കുവാനുമാണ് ബാലാവാകാശ കമ്മീഷൻ പുതിയ നിർദ്ദേശം നൽകിയത്.
ദേശീയ ബാലാവകാശ കമ്മീഷനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ശിശുക്ഷേമ സമിതികൾക്കും കുട്ടികളെ പാർപ്പിക്കുന്ന സംരക്ഷണസ്ഥാപനങ്ങക്കും നൽകിയത്. കാണാതായ കുട്ടികളെ കണ്ടെത്തിയതിനു ശേഷം മാതാപിതാക്കൾക്ക് കൈമാറുന്നതിന് മുമ്പ് ഇവരെ കെയർ ഹോമുകളിൽ താമസിപ്പിക്കാറുണ്ട്.
എന്നാൽ താൽക്കാലിക സംരക്ഷണത്തിനായി എത്തുന്ന കുട്ടികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ സംരക്ഷണ സ്ഥാപനങ്ങളുടെ കൈവശം ഉണ്ടാകാറില്ല,ഇത് കുട്ടികളുടെ പുനരധിവാസം ഉൾപ്പെടെയുള്ളവക്ക് തടസ്സമാകുന്നതിനാലാണ് കെയർ ഹോമുകളിൽ എത്തുന്ന കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമായും നൽകണം എന്ന നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിലെ കമ്മീഷന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ മാസം 17 മുതൽ 21 വരെ കൂടിയ യോഗത്തിലാണ് ഈ നിർദ്ദേശം നൽകിയത്.
അതെസമയം മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കിയ നിർദ്ദേശത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തി. മരിച്ച വ്യക്തിക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ ബന്ധുക്കൾ നൽകുന്ന സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ മരണസർട്ടിഫിക്കറ്റ് നൽകാനാകും എന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലായം അറിയിച്ചത്. ആധാർ നമ്പർ സർട്ടിഫിക്കറ്റിന് ലഭിക്കാൻ നിർബന്ധമാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രം വിശദീകരിച്ചത്.
