അപ്രതീക്ഷിതമായിരുന്നു പി. ടിയുടെ വിയോഗം. കുടുംബ രാഷ്ട്രീയത്തിന്‍റെ വിമര്‍ശകനായിരുന്നിട്ടു കൂടി പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനൊടുവില്‍ പി. ടി സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഭാര്യ ഉമ തോമസിന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് മല്‍സരത്തിന് ഇറങ്ങേണ്ടി വന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സുരക്ഷിത മണ്ഡലങ്ങളിൽ ഒന്നായ തൃക്കാക്കരയിൽ ഉമ തോമസ് ഇക്കുറി വീണ്ടും മൽസരത്തിനിറങ്ങുമോ എന്ന ചോദ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ്.ഗുരുതര അപകടത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഉമ മണ്ഡലത്തിൽ സജീവമാണ്. വീണ്ടും മൽസരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചാൽ പാർട്ടി പറയട്ടെ എന്നാണ് ഉമയുടെ മറുപടി.

സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട ബെന്നി ബെഹനാനോട് കണ്ണീര് കൊണ്ട് ഐക്യപ്പെടുന്ന ഹൈബി ഈഡന്‍. ഉമ്മന്‍ചാണ്ടിയുടെ പടയാളികളായ ഗ്രൂപ്പ് മാനേജര്‍മാരെ വെട്ടിനിരത്താന്‍ 2016ല്‍ വിഎം സുധീരനെന്ന കെപിസിസി പ്രസിഡന്‍റ് തീരുമാനിച്ചപ്പോള്‍ ആദ്യ വെട്ട് വീണതന്ന് തൃക്കാക്കരയിലായിരുന്നു. പാര്‍ട്ടിയില്‍ ഏതാണ്ട് അപ്രസക്തനായിപ്പോയിരുന്ന പി. ടി. തോമസിന്‍റെ അതിശക്തമായ തിരിച്ചുവരവിനു കൂടി സുധീരന്‍റെ തീരുമാനമന്ന് കാരണമായി. അപ്രതീക്ഷിതമായിരുന്നു പി. ടിയുടെ വിയോഗം. കുടുംബ രാഷ്ട്രീയത്തിന്‍റെ വിമര്‍ശകനായിരുന്നിട്ടു കൂടി പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനൊടുവില്‍ പി. ടി സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഭാര്യ ഉമ തോമസിന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് മല്‍സരത്തിന് ഇറങ്ങേണ്ടി വന്നു. മൂന്നു വര്‍ഷത്തിനിപ്പുറം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും സുരക്ഷിതമായ സീറ്റില്‍ ഇനിയൊരവസരം ഉമ തോമസിന് കിട്ടുമോ?

ഉപതിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു തവണത്തേക്കു മാത്രമാണ് തൃക്കാക്കരയില്‍ ഉമയെ മല്‍സരിപ്പിച്ചതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ഉമയെ മാറ്റിനിര്‍ത്തി പുതിയൊരാള്‍ക്ക് അവസരം കൊടുക്കണമെന്ന് കടുപ്പിച്ച് പറയാന്‍ അവര്‍ക്കാര്‍ക്കും തല്‍ക്കാലം ധൈര്യമില്ല. കാരണം പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും മരണത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും പി.ടി. അവശേഷിപ്പിച്ച സ്വാധീനം എത്രമാത്രം വലുതാണെന്ന് തൃക്കാക്കര സീറ്റാഗ്രഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെല്ലാമറിയാം.

അപകട ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ അസാധാരണ മനക്കരുത്തോടെ മറികടന്ന ഉമ വീണ്ടും മല്‍സരത്തിനുളള തയാറെടുപ്പിലാണ്. എന്നാല്‍ ഉമയെ അനുനയിപ്പിച്ച് മല്‍സര രംഗത്തു നിന്ന് പിന്‍മാറ്റാനുളള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഉമ സ്വയം പിന്‍മാറിയാല്‍ മാത്രമാകും തൃക്കാക്കരയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കുറിച്ച് കോണ്‍ഗ്രസിന് ആലോചിക്കേണ്ടി വരിക.

അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ആദ്യ പരിഗണന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാകും. കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് വെട്ടിനിരത്തപ്പെട്ട ദീപ്തിക്ക് ഉചിതമായ അംഗീകാരം നല്‍കണമെന്ന പൊതുവികാരം പാര്‍ട്ടി നേതൃതലത്തിലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിന് നേതൃത്വം കൊടുത്ത ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പേരും തൃക്കാക്കരയുമായി ബന്ധപ്പെടുത്തി ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ ഈ ചര്‍ച്ചകളിലേക്കൊക്കെ പാര്‍ട്ടിക്ക് കടക്കണമെങ്കില്‍ മല്‍സരരംഗത്തു നിന്ന് സ്വയം പിന്‍മാറാനുളള സന്നദ്ധത ഉമ തോമസ് പ്രകടിപ്പിക്കണമെന്നു മാത്രം.

തൃക്കാക്കരയിൽ ഉമയോ? കോൺഗ്രസിന്റെ ഉരുക്കുകോട്ടയിൽ ഇത്തവണ സാരഥി ആര് |Uma Thomas