ദില്ലി: ആധാര്‍ കൈവശമുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂലൈ ഒന്നിനകം ആധാര്‍ വിവരങ്ങള്‍ ജൂലായ് 1നകം സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.

ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്‌സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍, ഉച്ചക്കഞ്ഞി പദ്ധതി എന്നിവക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകരായ കല്യാണി സെന്‍ മേനോനും ശാന്താ സിന്‍ഹയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം ഇവ നിര്‍ബന്ധമായും ആനുകൂല്യങ്ങള്‍ക്കായി സമര്‍പ്പിക്കണം.ആധാര്‍ ഇല്ലാത്തവര്‍ക്ക് ആധാര്‍ എടുക്കാന്‍ സെപ്റ്റംബര്‍ മുപ്പത് വരെ സാവകാശം അനുവദിച്ചതായും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടയണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ആധാറിന്റെ പേരില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നിഷേധിക്കപ്പെടരുത്. വിജ്ഞാപനം സ്റ്റേ ചെയ്ത് കോടതി ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തയ്യാറായില്ല. ആധാര്‍ ഇല്ലാത്തവര്‍ക്ക് അടുത്തതവണ കേസ് പരിഗണിക്കുന്ന ജൂലൈ ഏഴു വരെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 30നകം ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് മാറ്റമില്ലാതെ തുടരും.