കായലിൽ ഭാര്യയും മകളും ചാടിമരിച്ച സംഭവത്തിന് പിന്നിലെ കൂടുതൽ പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്ന പരാതിയുമായി ഭർത്താവ് കിളിമാനൂർ സ്വദേശി റഹീം.
ആക്കുളം: കായലിൽ ഭാര്യയും മകളും ചാടിമരിച്ച സംഭവത്തിന് പിന്നിലെ കൂടുതൽ പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്ന പരാതിയുമായി ഭർത്താവ് കിളിമാനൂർ സ്വദേശി റഹീം. മൂന്ന് വർഷം പിന്നിട്ടിട്ടും കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് റഹീം പറഞ്ഞു.
2015 നവംബർ 29ന് നാടിനെ നടുക്കിയ സഭവം നടന്നത്. കിളിമാനൂർ സ്വദേശി ജാസ്മിനും മൂന്നു മക്കളും ജാസ്മിന്‍റെ അമ്മയുമാണ് ആക്കുളം പാലത്തുനിന്നും കായലിലേക്ക് ചാടിയത്. ജാസ്മിനും മകള്‍ ഫാത്തിമയും മരിച്ചു. രണ്ടു കുട്ടികളെയും ജാസ്മിൻറെ അമ്മയെയും രക്ഷപ്പെടുത്തി. തൊട്ടടുത്ത ദിവസം ജാസ്മിൻറെ സഹോദരി സജ്ന ട്രയിൻചാടി ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടുന്നത്.
സാമ്പത്തിക തട്ടിപ്പാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു കിളിമാനൂർ പൊലീസിന്‍റെ കണ്ടെത്തൽ. കുടുംബ സുഹൃത്തായ നാസറിനെയും ജാസ്മിന്‍റെ ബന്ധുക്കളായ മുംതാസ്, മെഹർബാൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടും സംശയിക്കുന്ന ചില ബന്ധുക്കളിലേക്ക് അന്വേഷണം എത്തിയില്ലെന്നാണ് റഹീമിൻറെ ആരോപണം.
ജാസ്മിനും ഭർത്താവ് റഹീമിനും മക്കളും വിദേശത്തായിരുന്നു. വിദേശത്ത് സാമ്പത്തിക ബുദ്ധിമുണ്ടായപ്പോള്‍ കല്ലമ്പലത്തുള്ള ഭൂമി വിറ്റ് കടം തീർക്കാനാണ് ഭാര്യയെ നാട്ടിലേക്കയച്ചത്. ഭൂമിയും വീടും മറ്റൊരാള്‍ക്ക് നൽകാനായി കരാറെഴുതി പണം വാങ്ങിയെങ്കിലും നാസറും ബന്ധുക്കളും ചേർന്ന് പിന്നീടൊന്നും ചെയ്യാതെ കബളിപ്പിച്ചത് ജാസ്മിനെ മാനസികമായി തകർത്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആത്മഹത്യ പ്രേരണയിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ചില ഫൊറൻസിക് റിപ്പോർട്ടുകള്‍ ലഭിച്ചാൽ കുറ്റപത്രം വൈകാതെ നൽകാമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
