പഞ്ചാബില്‍ ഇത്തവണ ത്രികോണമത്സരമാണ്. ആം ആദ്മി പാര്‍ട്ടി ആദ്യമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി മത്സരിക്കുന്നത്. പ്രശസസ്ത ഹാസ്യതാരവും സംഗ്രൂര്‍ ലോക്‌സഭാംഗവുമായ ഭഗവന്ത് മാനാണ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍. ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഭഗവന്ത് മാന്‍ തമാശകളിലൂടെ ഏതിരാളികളെ വിമ‌ശിക്കുമ്പോള്‍ ജനക്കൂട്ടം അദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. പ‌ഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാ‍ര്‍ട്ടിയായിരിക്കും അധികാരത്തിലെത്തുന്നതെന്ന ആത്മവിശ്വസം പ്രകടിപ്പിച്ച ഭഗവന്ത് മാന്‍, കോണ്‍ഗ്രസും അകാലിദളും തമ്മിലാണ് മത്സരമെന്ന സുഖവീര്‍ സിംഗിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒന്നാം സ്ഥാനം എ.എ.പിക്കായിരിക്കുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസും അകാലിദളും മത്സരിക്കുന്നതെന്നുണ് പ്രതികരിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും അകാലിദളിനെയും ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി ശക്തമായ മത്സരമാണ് കാഴ്ചവെയ്‌ക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രചാരണത്തിനായി എത്തുന്നുണ്ടെങ്കിലും ഭഗവന്ത് മാന് തന്നെയാണ് പ്രചാരണത്തിന്റെ ചുമതല. ആം ആദ്മി പാര്‍‍ട്ടിക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കില്‍ ഭാഗവന്ത് മാനായിരിക്കും മുഖ്യമന്ത്രിയെന്നാണ് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ നല്‍കുന്ന സൂചന.