ചെങ്ങന്നൂരില്‍ എഎപിയുടെ ചൂല് ചിഹ്നം അനിശ്ചിതത്വത്തില്‍
ചെങ്ങന്നൂര്: ചൂലും വച്ച് പോസ്റ്ററുകളും ബാനറുകളും അടിച്ചു. ആവേശം കൂട്ടാന് ചൂലാട്ടവും നടത്തി. പക്ഷേ ചെങ്ങന്നൂരില് തെരഞ്ഞെടുപ്പ് ചിഹ്നമായി ചൂല് കിട്ടുമോയെന്ന സംശയത്തിലാണ് ആം ആദ്മി പാര്ട്ടിയിപ്പോള്. അതിനായി കോടതിയെയും സമീപിച്ചിരിക്കുകയാണ്.
സംസ്ഥാന പാര്ട്ടി പദവിയുള്ള ദില്ലിയിലും പഞ്ചാബിലും ഗോവയിലും ആം ആദ്മി പാര്ട്ടിയുടെ സ്വന്തം ചിഹ്നമാണ് ചൂല്. മറ്റ് സംസ്ഥാനങ്ങളിലും ചൂല് തന്നെയാണ് എഎപി സ്ഥാനാര്ത്ഥികള് ഉപയോഗിച്ചുവരുന്നത്. ചെങ്ങന്നൂരിലെ എഎപി സ്ഥാനാര്ത്ഥി രാജീവ് പള്ളത്തും പോസ്റ്ററുകളിലും ബാനറുകളിലും ചൂല് ചിഹ്നം പതിച്ചാണ് പ്രചാരണം നടത്തുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മൂന്ന് ദിവസത്തിനുള്ളില് ഏത് ചിഹ്നം വേണമെന്ന് അറിയിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. ദേശീയ പദവിയുള്ള ബിജെപി, കോണ്ഗ്രസ്, സിപിഎം പാര്ട്ടികള്ക്ക് ഇത് ബാധകമല്ല.
എന്നാല് കേരളത്തില് സംസ്ഥാന പാര്ട്ടി പദവി പോലുമില്ലാത്ത ആം ആദ്മി നേരത്തെ ചിഹ്നം ആവശ്യപ്പെടാത്തതിനാല് ചൂല് കിട്ടുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.
14നാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ചൂല് ഉണ്ടെങ്കിൽ എഎപി ക്ക് അത് തന്നെ കിട്ടാം. പക്ഷേ മറ്റാരും അവകാശ വാദം ഉന്നയിക്കാനും പാടില്ല.
