ദില്ലി: ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിനു ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ അസംതൃപ്തി പുകയുന്നു. പാര്‍ട്ടി ആത്മ പരിശോധന നടത്തണമന്ന് ദില്ലി ടൂറിസം മന്ത്രി കപില്‍ മിശ്ര ആവശ്യപ്പെട്ടു. ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രാജിപ്രഖ്യാപിച്ചതോടെ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് ബിജെപി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നായിരുന്നു ഇന്നലെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ പാര്‍ട്ടിയുടെ വീഴ്ചയ്ക്ക് ഇതല്ല പ്രധാനകാരണം എന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗം കപില്‍ മിശ്ര രംഗത്തു വന്നു. ജനപിന്തുണ കുറയുന്നതിനെക്കുറിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന് കപില്‍ മിശ്ര ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ള എഎപി എംപി ഭഗവന്ത് സിംഗ് മാനും പാര്‍ട്ടിയെ വിമര്‍ശിച്ചു. ചുവരെഴുത്ത് വ്യക്തമായിരുന്നു എന്നാണ് മാന്‍ പ്രതികരിച്ചത്. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുന്നതും എഎപിക്ക് തിരിച്ചടിയായി. ദില്ലി സംസ്ഥാന കണ്‍വീനര്‍ ദിലീപ് പാണ്ഡെ, പാര്‍ട്ടി ചുമതലയുള്ള ആശിഷ് അഗര്‍വാല്‍, പഞ്ചാബിന്റെ ചുമതലയുള്ള സഞ്ജയ് സിംഗ്, എംഎല്‍എ അല്‍ക ലാംബ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുന്നതയി പ്രഖ്യാപിച്ചത്. ചില എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയുള്ള ഈ സംഭവവികാസം കെജ്രിവാളിന് തലവേദനയാകുകയാണ്. പാര്‍ലമെന്ററി സെക്രട്ടറി പദം വഹിച്ച 21 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള പരാതിയില്‍ അടുത്ത മാസം രണ്ടാം വാരം തീരുമാനം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. എഎപിക്കുള്ളിലെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ അടുത്ത അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
