ഇതിനിടെ തെലുഗുദേശം പാര്‍ട്ടിയുടെ രാജ്യസഭാ അംഗം സി എം രമേശിന്‍റെ വീട്ടിലും വിവിധ ഓഫീസുകളിലും നടത്തിയ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ പാര്‍ട്ടി രംഗത്ത് വന്നു. ആന്ധ്രയിലെ ജനങ്ങള്‍ക്കെതിരെയുള്ള നടപടിയാണിതെന്ന് പാര്‍ട്ടി വക്താവ് ആരോപിച്ചു

ദില്ലി: ആംആദ്മി പാര്‍ട്ടി എം എല്‍എയും ദില്ലി ഗതാഗത മന്ത്രിയുമായ കൈലാഷ് ഗെലോട്ട്, 120 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരൂപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിശദീകരണം.

ദില്ലിയില്‍ കൈലാഷ് ഗെലോട്ടുമായി ബന്ധപ്പെട്ട 18 ഇടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു. കൈലാഷിന്‍റെ കുടുംബം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് കന്പനി, പണമിടപാട് സ്ഥാപനം എന്നിവ നികുതി വെട്ടിച്ചെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ദില്ലി സര്‍ക്കാരിനെ ലക്ഷ്യമിട്ടള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നും ഒരു തെളിവെങ്കിലും ഹാജരാക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വെല്ലുവിളിച്ചു. 

ഇതിന് തൊട്ടുപിറകെയാണ് ആദായനികുതിവകുപ്പിന്‍റെ വിശദീകരണം. ഇന്ത്യയിലും വിദേശത്തും മന്ത്രി കൈലാഷ് ഗെലോട്ട് ബിനാമി പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സന്പാദിച്ചതിനെ തെളിവ് ലഭിച്ചു എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തന്‍റെ സ്ഥാപനങ്ങളിലെ പൂണ്‍ ,ഡ്രൈവര്‍ ഉള്‍പ്പെടെയള്ളവരുടെ പേരില്‍ കടലാസ് കന്പനികള്‍ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ദുബൈയില്‍ വീട് ഉള്‍പ്പെടെ സ്വത്തുക്കളുണ്ട്. വിവിധ ഇടങ്ങളില് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത രണ്ടരക്കോടി രൂപയും വന്‍തോതില്‍ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. ചുരുങ്ങിയത് 120 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇതിനിടെ തെലുഗുദേശം പാര്‍ട്ടിയുടെ രാജ്യസഭാ അംഗം സി എം രമേശിന്‍റെ വീട്ടിലും വിവിധ ഓഫീസുകളിലും നടത്തിയ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ പാര്‍ട്ടി രംഗത്ത് വന്നു. ആന്ധ്രയിലെ ജനങ്ങള്‍ക്കെതിരെയുള്ള നടപടിയാണിതെന്ന് പാര്‍ട്ടി വക്താവ് ആരോപിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടന്ന റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം എന്ന നിലയില്‍ സിഎം രമേശ് ,വകുപ്പിന് കത്ത് നല്‍കിയിരുന്നു. കത്ത് ലഭിച്ച് മൂന്നാം ദിവസം രമേശിനതിരെ റെയ്ഡ് നടത്തുകയാണ് ആദായ നികുതി വകുപ്പ ചെയ്തത്.