ദില്ലി: ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ പേരില്‍ കണക്കില്‍പ്പെടാത്ത 130 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആയ കര്‍താര്‍ സിങിന്റെ കൈവശം 130 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്. ദക്ഷിണ ദില്ലിയിലെ മെഹ്റോളിയില്‍നിന്നുള്ള നിയമസഭാംഗമാണ് കര്‍താര്‍ സിങ്. കഴിഞ്ഞമാസമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കര്‍താര്‍ സിങിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയത്. പരിശോധനയില്‍ കോടികള്‍ വിലമതിക്കുന്ന ഫാംഹൗസുകളും മറ്റു ഭൂസ്വത്തുക്കളും കര്‍താര്‍ സിങിന്റെയും ബിനാമി പേരുകളിലും ഉള്ളതായി കണ്ടെത്തിയത്. കൂടുതല്‍ ഭൂസ്വത്തുക്കളും വാങ്ങിയിരിക്കുന്നത് അടുത്ത ബന്ധുക്കളുടെ പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന നിരവധി രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. 2.6 ഏക്കര്‍ ഭൂമിയോട് കൂടിയ ഫാംഹൗസിലാണ് കര്‍താര്‍ സിങും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ഇത് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ് കാണിക്കാന്‍ നിശ്ചിത സമയത്തിനുള്ളിലും കര്‍താര്‍ സിങിന് സാധിച്ചിട്ടില്ല. അതേസമയം മറ്റു എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്‌തതുപോലെ കര്‍താര്‍ സിങിനെയും കുടുക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന പ്രതിരോധവുമായി കര്‍താര്‍ സിങും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.