എ.എ.പി എം.എല്‍.എമാര്‍ക്കെതിരെ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ദില്ലി പൊലീസിനെ ഉപയോഗിക്കുന്നുവെന്നും, തന്നെ കൊലപ്പെടുത്താന്‍ പോലും മോദി മടിക്കില്ലെന്നുമുള്ള കെജ്രിവാളിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് മറ്റൊരു എംഎല്‍എയെ കൂടി ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ ലൈംഗിക പീഢനത്തിനിരയായ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്ഹത്യ ചെയ്ത കേസ്സിലാണ് എ.എ.പി എം.എല്‍.എ ശരദ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 11 എ.എ.പി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രാദേശിക എ.എ.പി നേതാവ് രമേശ് ഭരദ്വാജ് തന്നെ പീഡിപ്പിച്ചു എന്ന് എ.എ.പി പ്രവര്‍ത്തക നേരത്തെ പരാതിപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ് മാസം രമേഷിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രമേഷിനെ സംരക്ഷിക്കാന്‍ എ.എ.പി എം.എല്‍.എ ശരദ് ശ്രമിക്കുന്നുണ്ടെന്നും ആത്മഹത്യക്ക് മുന്‍പ് സോണി ആരോപിച്ചിരുന്നു. ആദ്യ അറസ്റ്റിന് ശേഷം പുറത്തിറങ്ങിയ രമേഷ് ഭരദ്വാജിന്റെ നിരന്തരമായി മാനസിക പീഡനത്തെ തുടര്‍ന്നാണ് സോണി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ നരേല എം.എല്‍.എ ശരത്തിന് പങ്കുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. എം.എല്‍.എയുടെ അറസ്റ്റ് മോദിയുടെ രാഷ്‌ട്രീയ പകപോക്കലിന്റെ തുടര്‍ച്ചയാണെന്ന് എഎപി ആരോപിച്ചു.