ദില്ലി: രഘുറാം രാജന് രാജ്യസഭാ സീറ്റ് വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി. ദില്ലിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേയ്ക്കാണ് രഘുറാം രാജനെ ആം ആദ്മി പാര്‍ട്ടി ഉന്നമിടുന്നത്. മൂന്ന് സീറ്റുകളിലേയ്ക്കും പാര്‍ട്ടിയുമായി നിലവില്‍ ബന്ധമില്ലാത്തവരെയാണ് അരവിന്ദ് കേജ്‍രിവാള്‍ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. മോദി സര്‍ക്കാരിന്റെ വിപ്ലവ തീരുമാനമായ നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി സേവനം ചെയ്യുകയാണ്. 2015 ലെ വന്‍ വിജയത്തിന് ശേഷം ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളികളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നേരിടേണ്ടി വന്നത്. എന്നാല്‍ രഘുറാം രാജന്‍ ആം ആദ്മിയുടെ വാഗ്ദാനത്തോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.