അലഹബാദ്: ആരുഷിയുടെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ വിധി കണക്കിലെ കളി പോലെയാണെന്ന് അലഹബാദ് ഹൈക്കോടതി. സി.ബി.ഐ കണ്ടെത്തിയ തെളിവുകളൊന്നും പരസ്പരം ബന്ധിക്കുന്നില്ല. അത് അങ്ങനെയാണെങ്കില്‍ ഇത് ഇങ്ങനെയാണ് എന്ന രീതിയിലാണ് വിചാരണ കോടതി സാഹചര്യ തെളിവുകളെ വിലയിരുത്തിയത്. 

കേസില്‍ തല്‍വാര്‍ ദമ്പതികളായ രാജേഷ് തല്‍വാറിനും നൂപൂര്‍ തല്‍വാറിനും ബന്ധമുള്ളതായി കണ്ടെത്താനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്യാം ലാലാണ് 2013 നവംബര്‍ 28ന് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. 

എന്നാല്‍ കൃത്യമായി സ്വാധീനിക്കപ്പെട്ട വിധിയാണ് തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ ഉണ്ടായത്. ജഡ്ജ് മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. അടിസ്ഥാനമില്ലാതെ വന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശിക്ഷ വിധിച്ചു. സാഹചര്യ തെളിവുകളായി കണക്കാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അത്തരത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സാഹചര്യ തെളിവുകളെയും വസ്തുതകളെയും കൂട്ടിച്ചേര്‍ത്ത് കണക്കിലെ കളിപോലെ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 

ജസ്റ്റിസ് ബി.കെ നാരായണ, എ.കെ മിഷ്ര എന്നിവരാണ് ആരുഷി വധത്തില്‍ തല്‍വാര്‍ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചത്.