ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാും ജയില്‍ മോചിതരായി.
മകള്‍ ആറുഷി തല്‍വാറും വീട്ടു ജോലിക്കാരനായ ഹേംരാജും കൊ്ല്ലപ്പെട്ട കേസില്‍ നാല് വര്‍ഷമായി വിചാരണ തടവുകാരായ ഇരുവരെയും നേരത്തെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടിരുന്നു. 

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അലഹാബാദ് കോടതി തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. ജീവപര്യന്തം ശിക്ഷിച്ച ഗാസിയാബാദ് സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയയിരുന്നു. വിധിയുടെ പകര്‍പ്പ് ഗാസിയാബാദ് ദസ്‌ന ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് ദമ്പതികളെ മോചിപ്പിച്ചത്.

2008 മേയിലാണ് 14 വയസ്സുള്ള ആരുഷി തല്‍വാറിനെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കാണാതായി വീട്ടു ജോലിക്കാരന്‍ നേപ്പാളുകാരന്‍ ഹേംരാജിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. രണ്ടാംദിവസം ഹേംരാജിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 

ഇതോടെ പൊലീസ് അന്വേഷണത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴാണ് കേസ് സിബിഐക്ക് വിട്ടത്. ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊന്നതെന്ന നിഗമനത്തിലായിരുന്നു സിബിഐ സംഘം.
2013 നവംബറിലാണ് ആരുഷി തല്‍വാറിനെയും വീട്ടു ജോലിക്കാരന്‍ ഹേംരാജിനേയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറുമാണെന്ന സിബിഐയുടെ കണ്ടെത്തല്‍ ശരിവച്ച് ഗാസിയ ബാദിലെ സിബിഐ കോടതി ഇരുവരേയും ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കോടതിവിധിയെ ചോദ്യം ചെയ്ത് തല്‍വാര്‍ ദമ്പതികള്‍ നല്‍കിയ അപ്പീല്‍ അലഹാബാദ് ഹൈക്കോടതി അംഗീകരിച്ചു. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇരുവരേയും വെറുതെവിട്ടു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാനാകില്ലെന്നും സംശായതീതമായി കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നും ജസ്റ്റിസ് ബി.കെ നാരായണ, എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രണ്ട് സംഘം അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐക്കായിരുന്നില്ല.

കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയ സിബിഐ എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ അന്വേഷം അവസാനിപ്പിച്ചാണ് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്ത വിചാരണ കോടതി കുറ്റം ചുമത്തി. ഇതിനെതിരെ തല്‍വാര്‍ ദന്പതികള്‍ സുപ്രീംകോടതിയിലെത്തിയെങ്കിലും ഇരുവരും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

സംഭവസമയത്ത് തല്‍വാര്‍ ദമ്പതികളല്ലാതെ ആരും വീട്ടിലേക്കെത്താന്‍ സാധ്യതയില്ലെന്നും കിടപ്പുമുറിയടക്കം വൃത്തിയാക്കി തെളിവു നശിപ്പിക്കാന്‍ തല്‍വാര്‍ ദന്പതികള്‍ ശ്രമിച്ചുവെന്നുമുള്ള സിബിഐയുടെ കണ്ടെത്തലാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.