അപേക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വിനീഷ് വെട്ടുകത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
ചെങ്ങന്നൂർ: റീബിൽഡ് കേരളയുടെ ഭാഗമായി വീട് നിർമ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാൻ പോയ ആശാ വർക്കർക്ക് വെട്ടേറ്റു. പിടിവലിക്കിടെ ഇവരെ ആക്രമിച്ച യുവാവിനും പരിക്കേറ്റു. തിരുവൻവണ്ടൂർ പഞ്ചായത്ത് ആശാ വർക്കർ ജയകുമാരിയ്ക്കാണ് വേട്ടേറ്റത്. വെട്ടിയ കല്ലിശ്ശേരി പാറേപുരയിൽ വിനീഷിനും പിടിവലിക്കിടെ പരിക്കേറ്റു.
ജയകുമാരിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും വിനീഷിനെ വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വീട് നിർമ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കുവാനാണ് ഓവർസിയർ ധന്യയും, ആശ വർക്കർ ജയകുമാരിയും കല്ലിശ്ശേരി പാറേ പുരയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഇരുവരെയും ഉപദ്രവിച്ച ഇയാള്‍ ധന്യയുടെ സ്മാർട്ട് ഫോൺ പിടിച്ച് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇവരുടെ സ്കൂട്ടറും നശിപ്പിച്ചു. ഇതു തടയാനെത്തിയ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും വിനീഷിന്‍റെ മുഖത്തും തലയ്ക്കും വെട്ടേറ്റു. സംഭവത്തില്‍ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
