മികച്ച ഭരണകർത്താവെന്ന നിലയില്‍ മാത്രമല്ല തികവുറ്റ നയതന്ത്രജ്ഞനെന്ന നിലയില്‍ കൂടിയാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ചരിത്രത്തില്‍ ഇടം നേടുന്നത്. അയൽ രാജ്യങ്ങളോട് മികച്ച ബന്ധം സൂക്ഷിക്കുമ്പോൾ തന്നെ, അവസരവാദ നിലപാടുകൾക്ക് തക്ക തിരിച്ചടി നൽകാനും വാജ്പേയി മറന്നില്ല. 

ദില്ലി: മികച്ച ഭരണകർത്താവെന്ന നിലയില്‍ മാത്രമല്ല തികവുറ്റ നയതന്ത്രജ്ഞനെന്ന നിലയില്‍ കൂടിയാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ചരിത്രത്തില്‍ ഇടം നേടുന്നത്. അയൽ രാജ്യങ്ങളോട് മികച്ച ബന്ധം സൂക്ഷിക്കുമ്പോൾ തന്നെ, അവസരവാദ നിലപാടുകൾക്ക് തക്ക തിരിച്ചടി നൽകാനും വാജ്പേയി മറന്നില്ല.

ഇന്ത്യൻ പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരത്തിൽ എത്തിയപ്പോഴായിരുന്നു വാജ്പേയി ശരിക്കും ചരിത്രത്തിൽ ഇടം നേടിയത്. 1998 മെയ് മാസത്തിൽ പൊഖ്‌റാനിൽ എപിജെ അബ്ദുൾ കലാമിന്റെ ചിറകിലേറി ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ അമ്പരന്നത് അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളായിരുന്നു. അന്ന് അമേരിക്കയുടെ നേതൃത്വത്തിൽ ഉപരോധങ്ങളുടെ രൂപത്തിൽ ഒറ്റപ്പെടുത്തലുകൾ ഉണ്ടായപ്പോൾ വാജ്പേയി തളർന്നില്ല. ഇന്ത്യയെ തളരാൻ അനുവദിച്ചില്ല. നയതന്ത്ര ബന്ധങ്ങളിലൂടെ എല്ലാം പഴയപടിയാക്കാൻ വാജ്പേയിക്കായി.

തൊട്ടടുത്ത വർഷം പാക്കിസ്ഥാനുമായി ലാഹോർ കരാറിൽ ഏർപ്പെട്ട് എ ബി വാജ്പേയി വീണ്ടും ലോകത്തെ ഞെട്ടിച്ചു. ദില്ലിയിൽ നിന്ന് ലാഹോറിലേക്ക് ബസിൽ യാത്ര ചെയ്ത് അദ്ദേഹം വീണ്ടു ചരിത്രം സൃഷ്ടിച്ചു. എന്നാൽ അതേ പാക്കിസ്ഥാൻ കാർഗിലിൽ നിയന്ത്രണ രേഖ മറികടന്നപ്പോൾ തക്ക തിരിച്ചടി നൽകാനുള്ള ചങ്കൂറ്റവും വാജ്പേയി കാണിച്ചു.

1999ൽ മൂന്നാം തവണ പ്രധാനമന്ത്രി പദമേറിയപ്പോൾ വാജ്പേയിക്ക് കണക്കുകൂട്ടലുകളുണ്ടായിരുന്നു. നരസിംഹറാവുവിന്റെ പാത പിന്തുടർന്ന് രാജ്യത്ത് വിദേശ നിക്ഷേപങ്ങളെത്തിച്ച് പുതിയ ഒരു കുതിപ്പിന് അദ്ദേഹം തുടക്കമിട്ടു. ദേശീയപാത വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത് ഈ കാലയളവിലായിരുന്നു.

എന്നാൽ 1999ൽ താലിബാന്റെ വിമാനറാഞ്ചലിന് കീഴടങ്ങേണ്ടി വന്നതും 2001ലെ പാർലമെന്റ് ആക്രമണവും വാജ്പേയി പ്രയാണത്തിന് തടയിടുന്നതായി. അ‍ഞ്ചുവർഷം പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസ്സിതര മന്ത്രിസഭ എന്ന പ്രതിച്ഛായ നേടാൻ ആ സ‍ക്കാരിനായെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനായില്ല.