മൊഴികളും ശാസ്ത്രീയ രേഖകളുമടക്കം  1500 പേജുകൾ വരുന്നതാണ്  എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ടി എസ് സുരേഷ്‌കുമാർ സമർപ്പിച്ച ആദ്യ കുറ്റപത്രം . കൃത്യത്തിൽ പങ്കെടുത്തവരും സംഭവ സമയം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നവരുമായ 19 പ്രതികളെയാണ് ഇതിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്. 

കൊച്ചി:മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകക്കേസിൽ അന്വേഷണസംഘം ആദ്യകുറ്റപത്രം സമർപ്പിച്ചു. പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ വധിച്ചതെന്നാണ് കണ്ടെത്തൽ.

മൊഴികളും ശാസ്ത്രീയ രേഖകളുമടക്കം 1500 പേജുകൾ വരുന്നതാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ടി എസ് സുരേഷ്‌കുമാർ സമർപ്പിച്ച ആദ്യ കുറ്റപത്രം . കൃത്യത്തിൽ പങ്കെടുത്തവരും സംഭവ സമയം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നവരുമായ 19 പ്രതികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മഹാരാജാസ് കോളജ് വിദ്യാർഥിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ മുഹമ്മദാണ് ഒന്നാം പ്രതി. പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ കുത്തിയത്. മരണകാരണമാകും വിധം നെഞ്ചിൽ കഠാര കുത്തിയിറക്കിയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കൊപ്പം പളളരുത്തി സ്വദേശിയായ സഹലും ആക്രമിച്ചു. ഈ ആക്രമണത്തിലാണ് അഭിമന്യുവിനൊപ്പമുളള അ‍ർജുനും പരിക്കേറ്റത്. 

നിലവിൽ 26പേരാണ് എഫ് ഐ ആറിൽ പ്രതിചേർത്തിരിക്കുന്നത്. പിടികിട്ടാനുളള ഏഴ് പേർ‍ക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കും.

മഹാരാജാസ് കോളജിലെ ചുവരെഴുത്തിനെച്ചൊല്ലിയുളള തർക്കത്തെത്തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ആസൂത്രിത കൊലപാതകം എന്ന നിലയിലാണ് പൊലീസ് കേസന്വേഷിച്ചത്.