ഇടുക്കി: അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി എം നിർമിച്ച് നൽകുന്ന വീടിന്‍റെ നി‍ർമാണം പൂർത്തിയായി. ജനുവരി 14ന് വട്ടവടയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറും.

അഭിമന്യുവിന്‍റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്‍റെ നിലവിലെ വീടിന് അരക്കിലോമീറ്റർ മാത്രം അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപ ചെലവിട്ടു. അഭിമന്യുവിന്റെ ഓര്‍മകൾ നിലനിര്‍ത്തി പാര്‍ട്ടി എല്ലാം ഒരുക്കുമ്പോഴും അഭിയുടെ വേര്‍പാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.

ജനുവരി 14ലെ ചടങ്ങിൽ മുഖ്യമന്ത്രിയ്ക്കൊപ്പം സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. പാർട്ടി സഹായങ്ങളെല്ലാം നൽകുന്പോഴും അഭിമന്യു വധക്കേസിലെ പ്രതികളെ മുഴുവൻ പിടൂകൂടാത്തതിനെതിരെ മാതാപിതാക്കൾക്കടക്കം പരാതിയുണ്ട്. കൊലപാതകം നടന്ന് ആറ് മാസം പിന്നിടുമ്പോഴും അഭിമന്യുവിനെ കുത്തിയ സഹലുൾപ്പെടെ കേസിലെ ഏഴ് പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.