അഭിമന്യുവിന്റെ പേരിൽ വായനശാല ആരംഭിക്കുന്നു നാട് ഒരുമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്
ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവര്ത്തകരുടെ കൊലക്കത്തിക്കിരയായ വട്ടവടയുടെ ചിരിക്കുന്ന മുഖം അഭിമന്യുവിന്റെ ഓര്മക്കായി വായനശാല ആരംഭിക്കുന്നു. വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി കൂടിയാണ് അഭിമന്യുവിന്റെ പേരിൽ വായനശാല ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയിരിക്കുന്നത്. വട്ടവടയിൽ വീടല്ല തനിക്ക് ആവശ്യം, ഒരു വായനശാലയാണെന്നതായിരുന്നു അഭിമന്യുവിന്റെ സ്വപ്നം.
പാർട്ടി കമ്മറ്റികളിലും ഈ ആവശ്യം അഭിമന്യു ഉന്നയിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ നടക്കാതെ പോയ ആഗ്രഹം യുവനേതാവിന്റെ പേരിൽ നടപ്പിലാക്കുകയാണ് നാട്ടുകാരും സിപിഎം ജില്ലാ നേതൃത്വവും. വായനശാല ആരംഭിക്കുന്നതിനായി പുസ്തകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ദൗത്യം. തുടർന്ന് വട്ടവടയിൽ കെട്ടിടം കണ്ടെത്തി വായനശാല ആരംഭിക്കും. വായനശാലയ്ക്ക് അഭിമന്യു മഹാരാജാസ് ലൈബ്രറി എന്ന് പേരിടുമെന്നും പ്രസിഡന്റ് പറയുന്നു. വട്ടവടയുടെ ചിരിക്കുന്ന മുഖം അഭിമന്യുവിന്റെ പേരിൽ വായനശാല തുടങ്ങുന്നതിനായി നാട് ഒന്നിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
