അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നു

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകം, എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ബന്ധമാണ് എന്‍ഐഎ പരിശോധിക്കുന്നതത്. കൊലപാതകമല്ല അന്വേഷിക്കുന്നതെന്നും എൻഐഎ വ്യത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംശയിക്കുന്നവർ എവിടെ, ഇവരുടെ പങ്കാളിത്തം, തീവ്രവാദ സ്വഭാവം എന്നിവയാണ് എന്‍ഐഎ പരിശോധിക്കുന്നത്.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകത്തില്‍ പങ്കെടുത്ത സംഘടനകള്‍ തമ്മിലുള്ള ബന്ധവും ഇവരുടെ തീവ്രവാദ ബന്ധവും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്‍റെ തുടര്‍ച്ചയായാണ് ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

അഭിമന്യുവിന്‍റെ കൊലപാതക കേസില്‍ ഇതിനോടകം ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ആറ് പേരടക്കം നിരവധിപേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരും കോളേജിലെത്താന്‍ സഹായമെത്തിച്ചവരെയുമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം അഭിമന്യുവിന്‍റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാനുള്ളതിനാല്‍ ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലയാളി സംഘത്തില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടുപേരുണ്ടെന്നും ഒരാള്‍ കേളേജ് വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തുനിന്നെത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.