എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇടതുമുന്നണി വെമ്പായം പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അഭിമന്യു കൊലചെയ്യപ്പെട്ട ദിവസം വര്‍ഗീയ വിരുദ്ധ നിലപാട് പൊള്ളയെന്ന് കോണ്‍ഗ്രസ് എസ്ഡിപിഐ സ്വമേധയാ പിന്തുണച്ചതാണെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: അഭിമന്യുവിന്‍റെ ചിതയണയും മുന്‍പേ എസ്ഡിപിഐയുമായി കൈകോര്‍ത്ത ഇടതുമുന്നണിയുടെ നിലപാട് വിവാദമാകുന്നു. തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്തിയത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ത ങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല എസ്ഡിപിഐ പിന്തുണച്ചതെന്ന് ഇടതുമുന്നണി വിശദീകരിക്കുന്നു. 

21 അംഗ വെമ്പായം പഞ്ചായത്തില്‍ സിപിഎമ്മിന് ആറും സിപിഐക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ഇടതുമുന്നണിയെ പിന്തുണക്കുന്നു. യുഡിഎഫിന് എട്ടും, ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരു അംഗവുമുണ്ട്.എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്‍റെ പ്രസിഡന്‍റായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മുന്നണിയിലെ ധാരണ പ്രകാരം സിപിഎ പ്രസിഡന്‍റ് രാജിവച്ച് സിപിഐക്ക് വഴിയൊരുക്കി.

അഭിമന്യു മരിച്ച ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന്‍റെ പിന്തുണയോടെ 11 വോട്ട് നേടി സിപിഐ അംഗം പ്രസിഡന്‍റായി. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണച്ചില്ലെങ്കിലും തങ്ങള്‍ വിജയിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണം.

അഭിമന്യുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായ സംഘടനയുടെ പേര് വെളിപ്പെടുത്താത്ത ഇടത് നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശമാണുയരുന്നത്. ഇതിനിടെയാണ് എസ്‍ഡിപിഐയുടെ പിന്തുണയോടെ ഒരു പഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിര്‍ത്തുന്നത്.