അമ്പലത്തില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് തന്‍റെ മാത്രം അഭിപ്രായമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനും അതിനോട് വിയോജിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ വളരെ മോശമായ രീതിയില്‍ ഒരുപാട് പേര് സമൂഹമാധ്യമങ്ങളില്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: ആര്‍ത്തവസമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞതിന് സൈബര്‍ ആക്രമണം നേരിടുകയാണ് കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അഭിരാമി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേര്‍ക്കുനേര്‍ ചര്‍ച്ചയിലാണ് ആര്‍ത്തവസമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞത്. തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയതെന്ന് ദീപ രാഹുല്‍ ഈശ്വരിന്‍റെ ചോദ്യത്തിന് അഭിരാമി മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ അഭിരാമിക്ക് നേരെ അസഭ്യവിളികളുണ്ടായത്.

അമ്പലത്തില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് തന്‍റെ മാത്രം അഭിപ്രായമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനും അതിനോട് വിയോജിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ വളരെ മോശമായ രീതിയില്‍ ഒരുപാട് പേര് സമൂഹമാധ്യമങ്ങളില്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഇവരാരും നേരിട്ട് വന്ന് എന്നെ ആക്രമിക്കുമെന്ന പേടി ഇല്ല. ഇങ്ങനെ ഇത്രയും നീചമായി സംസാരിക്കുന്ന ഇവര്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുള്ളവര്‍ തന്നെ പരാതി കൊടുക്കണം കാരണം അവരും ഭീഷണിയിലാണെന്നാണ് അഭിരാമിയുടെ അഭിപ്രായം.ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ അവള്‍ക്കൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഭിരാമി.

ആക്രമണങ്ങളുണ്ടാകുമ്പോഴാണ് ഇത്രയും മോശമായ സമൂഹമാണ് ഇതെന്ന് നമുക്ക് മനസിലാവുന്നത്. ഈ മാലിന്യം സമൂഹത്തില്‍ നിന്ന് നീക്കം ചെയ്തേ പറ്റു. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പ്രതികരിക്കാനുള്ള അവകാശമുണ്ട്. വിശ്വാസികള്‍ക്ക് മാത്രമേ വിശ്വാസികളുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ പാടുള്ളു എന്നില്ലെന്നും അഭിരാമി പറഞ്ഞു.