കുഴിച്ചെടുത്തത് ആറ് ലക്ഷം ലോഡ് മണല്‍; ആലപ്പാടിനെ തകര്‍ക്കുന്നത് സീ വാഷിംഗ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 6:56 AM IST
about sea washing which destroying alappad
Highlights

കടല്‍ത്തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മണ്ണ് മാന്തി യന്ത്രം കൊണ്ട് പോയി അവിടെ വലിയ കുഴിയെടുത്ത് മണല്‍ ശേഖരിക്കും. 

കൊല്ലം: ആലപ്പാട്ടെ തീരങ്ങളെ തകര്‍ക്കുന്നത് ഐആര്‍ഇ നടത്തുന്ന സീ വാഷിംഗ് എന്ന പ്രക്രിയ. മുപ്പത് വര്‍ഷം കൊണ്ട് ആറ് ലക്ഷം ലോഡ് മണലാണ് ആലപ്പാട് തീരത്ത് നിന്ന് ഐആര്‍ഇയും കെഎംഎംഎല്ലും കുഴിച്ചെടുത്തത്. കടല്‍ത്തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മണ്ണ് മാന്തി യന്ത്രം കൊണ്ട് പോയി അവിടെ വലിയ കുഴിയെടുത്ത് മണല്‍ ശേഖരിക്കും.

കടലില്‍ വച്ച് അത് തന്നെ കഴുകിയെടുത്ത് ലോറികളിലാക്കും.കടലിലെ കുഴികളില്‍ തിരകളടിച്ച് വീണ്ടും മണല്‍ നിറയും. സീ വാഷിംഗ് എന്ന ഈ പ്രകിയ തുടരുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് തീരങ്ങള്‍ ഇടിഞ്ഞ് തുടങ്ങും. കടലില്‍ പതിച്ച് താഴ്ന്ന കുഴികളിലേക്കെത്തും.

ആലപ്പാട്, ആലപ്പുഴ, കൊല്ലം തീരങ്ങളെ വരെ തകര്‍ത്ത സീ വാഷിംഗിനെ കുറിച്ച് 1991 ല്‍ സെസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സീ വാഷിംഗ് നിര്‍ത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ് വരെ ആലപ്പാട് പാലിക്കപ്പെടുന്നില്ല.  

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥലം ഖനനം ചെയ്ത ശേഷം മണ്ണിട്ട് തിരികെ നല്‍കുമെന്നാണ് പൊൻമന, ആലപ്പാട്, വെള്ളാനത്തുരുത്ത് എന്നിവിടങ്ങളിലെ സ്ഥലം പരിസരവാസികളില്‍ നിന്ന് വാങ്ങുമ്പോള്‍ ഐആര്‍ഇയുടെ പറഞ്ഞത്.

എന്നാല്‍, കരാര്‍ പാലിച്ചത് പേരിന് മാത്രം ചില സ്ഥലങ്ങളില്‍ മാത്രമാണ്. ഖനനം മൂലമുണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മൂടിയ ശേഷം ആ സ്ഥലം ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥ പൂര്‍ണ്ണമായും പാലിക്കപ്പെടാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

loader