ചെന്നൈ: തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ ബിനു പൊലീസിൽ കീഴടങ്ങി. ചെന്നൈയിലെ ഡെപ്യൂട്ടി കമ്മീഷണറിന്റെ ഓഫീസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ബിനുവിന്‍റെ പിറന്നാളാഘോഷത്തിനിടെ ബിനുവിന്‍റെ കൂട്ടാളികളെ പിടികൂടിയിരുന്നു . ഓപ്പറേഷൻ ബർത്ത്ഡേ എന്ന് പേരിട്ട പൊലീസ് നടപടിയിൽ നിന്നും അന്ന് ബിനു രക്ഷപ്പെട്ടിരുന്നു.
പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളാണ് പൊലീസിന്‍റെ പിടിയിലായത്. അമ്പത് പേരടങ്ങുന്ന പോലീസ് സംഘം ആഘോഷ സ്ഥലം വളഞ്ഞ് തോക്ക്ചൂണ്ടി പിടികൂടുകയായിരുന്നു. 30 പേരെ സ്ഥലത്ത് വച്ച് പിടികൂടി. ബാക്കിയുള്ളവര്‍ രക്ഷപ്പെടുന്നതിനിടെയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എട്ട് കൊലപാതകക്കേസുകളാണ് ബിനുവിനെതിരുള്ളതെന്ന് പോലീസ് പറഞ്ഞു. തിരുവന്തപുരം സ്വദേശിയായ ബിനു ചെന്നൈ ചൂളൈമേടയിലാണ് താമസം.
ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. 150 ല്‍പ്പരം പേര്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ബിനു ആഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷത്തിനിടെ തോക്കുമായി പൊലീസ് ചാടിവീണതോടെ ഗുണ്ടകള്‍ ചിതറിയോടി. പലരേയും തോക്കുചൂണ്ടിയാണ് പിടികൂടിയത്.. ചൊവ്വാഴ്ച തുടങ്ങിയ പൊലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ട് കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍,കത്തികള്‍, വടിവാളുകള്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.
പിടിയിലാവര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അവരെ അതത് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. ബിനു അടക്കമുള്ള മറ്റ് ഗുണ്ടകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. മാങ്ങാട്, കുന്‍ഡ്രത്തൂര്‍, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരാണ് ഗുണ്ടകളെ പിടികൂടാനെത്തിയത്.
