ശമ്പളം നല്‍കാത്ത മുതലാളിമാര്‍ക്കെതിരെ കനത്ത പിഴ ചുമത്തി അബുദാബി

First Published 6, Apr 2018, 12:42 AM IST
Abu Dhabi faced a heavy penalty against those who did not pay salaries
Highlights
  • കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 50 ലക്ഷം ദിര്‍ഹംവരെ പിഴ ശിക്ഷമാണ് എമിറേറ്റ്‌സിലെ കോടതികള്‍ വിധിച്ചത്. 

അബുദാബി:   ശമ്പളം നല്‍കാത്ത മുതലാളിമാര്‍ക്കെതിരെ അബുദാബിയില്‍ ഈടാക്കുന്നത് കനത്ത പിഴ. കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 50 ലക്ഷം ദിര്‍ഹംവരെ പിഴ ശിക്ഷമാണ് എമിറേറ്റ്‌സിലെ കോടതികള്‍ വിധിച്ചത്. 

2017 ജനുവരി മുതല്‍ 2018 മാര്‍ച്ച് വരെ ശമ്പളം നല്‍കാത്തതിനെതിരെയുള്ള 22 കേസുകളാണ് കോടതികള്‍ കൈകാര്യം ചെയ്തത്. അബുദാബിയിലെ മൊബൈല്‍ കോടതികള്‍ ആയിരകണക്കിന് തൊഴിലാളികള്‍ക്ക് ഉപകരിച്ചതായി പ്രോസിക്യൂഷന്‍ വകുപ്പ് ഡയറക്ടര്‍ ഹസ്സന്‍ മുഹമ്മദ് അറിയിച്ചു. 

ശമ്പളം നല്‍കാത്ത കേസുകളില്‍ 50 ലക്ഷം ദിര്‍ഹംവരെയാണ് പിഴ ഈടാക്കിയത്. ശമ്പളം ലഭിക്കാത്ത പരാതിക്കാരായ തൊഴിലാളികള്‍ കോടതി ഫീസുകളെ കുറിച്ച് ആശങ്കപെടേണ്ടതില്ലെന്നും തങ്ങളുടെ പ്രയാസങ്ങള്‍ കോടതിയെ അറിയിച്ചാല്‍ അതിവേഗത്തില്‍ പരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ തര്‍ക്ക കേസുകളില്‍ കാലതാമസമില്ലാതെ വിധിപറയാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് എമിറേറ്റില്‍ ഏകദിന കോടതികള്‍ ആരംഭിച്ചത്. 

ഇരുപതിനായിരം ദിര്‍ഹംവരെയുള്ള നഷ്ടപരിഹാരമാണ് ഏകദിന കോടതികള്‍ വഴി അവകാശപ്പെടാന്‍ സാധിക്കുക. മൊബൈല്‍ കോടതികളിലും തൊഴിലാളികള്‍ താമസിക്കുന്ന മുസഫയിലെയും മഫ്‌റഖിലെയും കോടതി ഓഫീസുകളിലും സങ്കടം ബോധിപ്പിക്കാന്‍ സാധിക്കുമെന്നും ഹസ്സന്‍ മുഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി.
 

loader