പ്രതിയുടെ കനേഡിയന്‍ പൗരയായ കാമുകിക്ക് 25 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

അബുദാബി: കാമുകിയുടെ മുന്‍ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവിന് അബുദാബി അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. 2014 മേയ് 21ന് നടന്ന കൊലപാതകത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുണീഷ്യന്‍ പൗരന് നേരത്തെ കീഴ്ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതിയും കാമുകിയും നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ പുതിയ വിധി.

പ്രതിയുടെ കനേഡിയന്‍ പൗരയായ കാമുകിക്ക് 25 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 28കാരിയായ യുവതി തന്റെ മുന്‍ പങ്കാളിയുടെ വിലാസവും കൊലപ്പെടുത്താനുള്ള കത്തിയും നല്‍കിയാണ് പ്രതിയെ സ്ഥലത്തേക്ക് അയച്ചതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും കേസ് രേഖകളില്‍ പറയുന്നു. തുടര്‍ന്ന് ഖാലിദിയയിലുള്ള ഓഫീസിലെത്തി 28 വയസുകാരനായ ഈജിപ്ഷ്യന്‍ പൗരന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗം, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസ് ആദ്യം പരിഗണിച്ച അബുദാബി ഫസ്റ്റ് ഇന്‍സ്റ്റ്സ് കോടതി യുവാവിന് വധശിക്ഷയും കാമുകിക്ക് 25 വര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍ അപ്പീലുമായി ഉയര്‍ന്ന കോടതിയെ സമീപിച്ച ഇരുവരും വിചാരണക്കിടെ കുറ്റം നിഷേധിച്ചു. പൊലീസിന്റെ പീഡനത്തെ തുടര്‍ന്നാണ് തങ്ങള്‍ കുറ്റം സമ്മതിച്ചതെന്നും മരണപ്പെട്ടയാളെ അറിയുക പോലുമില്ലെന്നും ഇവര്‍ വാദിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അയാളുടെ പേര് പോലും ആദ്യമായി കേട്ടതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സാക്ഷിമൊഴികള്‍ കൂടി കണക്കിലെടുത്ത് ഇത് കളവാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.