അബുദാബി: അബുദാബിയില്‍ വാഹനങ്ങളുടെ പരമാവധി വേഗ പരിധിയില്‍ വര്‍ധന വരുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് പോലീസ്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബിയിലെ ചില റോഡുകളില്‍ പരമാവധി വേഗ പരിധി ഉയര്‍ത്തിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ചില റോഡുകളില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത ആക്കിയിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു. എന്നാല്‍ അബുദാബി പോലീസ് ഇതിനെതിരെ രംഗത്ത് വന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ റോഡുകളിലെ വേഗ പരിധിയില്‍ മാറ്റമുണ്ടെങ്കില്‍ പത്ര-ദൃശ്യമാധ്യങ്ങള്‍ വഴി ഇത് കൃത്യമായി തന്നെ അറിയിക്കുമെന്നും അബുദാബി പോലീസ് പറയുന്നു. പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ലഭിച്ചാല്‍ അത് പ്രചരിപ്പിക്കരുതെന്നും ഇത്തരം വിവരങ്ങളില്‍ വഞ്ചിതരാകി പിഴ ശിക്ഷ അടക്കമുള്ളവയില്‍ ചെന്ന് ചാടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ദ്ദിഷ്ട വേഗപരിധിയിലും കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 900 ദിര്‍ഹം വരെയാണ് അബുദാബിയില്‍ പിഴ ശിക്ഷ ലഭിക്കുക. കൂടാതെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുകള്‍ വരെ ലഭിക്കുകയും ചെയ്യും. സമൂഹ മാധ്യമങ്ങള്‍ വഴി ഇതിന് മുമ്പും ദുബായിലും അബുദാബിയില്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു.
