ലഖ്നൗവിൽ തെരുവിൽ താത്കാലിക താമസസ്ഥലത്ത് ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് തൊഴിലാളികൾ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മുൻ എംഎൽഎയുടെ മകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ലഖ്നൗവിലെ ദാലിബാഗിൽ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഉറങ്ങിക്കിടന്ന തൊഴിലാളിക്കിടയിലേക്ക് ഹ്യൂണ്ടായി ഐ ട്വന്‍റി കാര്‍ പാഞ്ഞ് കയറിയത്. തൊഴിലാളികൾക്കായി ഒരുക്കിയ താത്കാലിക താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി. ഉത്തര്‍പ്രദേശിൽ നിന്നെത്തിയ കൂലിപ്പണിക്കാരാണ് മരിച്ചവര്‍.

അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പിച്ചു. മുൻ എംഎൽഎയുടെ മകൻ ആയുഷ് റാവത്ത്, സുഹൃത്ത് നിഖിൽ അറോറ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. ഒളിവിലായ മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.