പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം

കൊച്ചി: രോഗിയെ ചികിത്സിക്കുന്നതിനിടെ പരിശോധനാമുറിയിലെ ഫാന്‍ പൊട്ടി ഡോക്ടറുടെ തലയില്‍ വീണു. പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഫാന്‍ വീണ് തലയില്‍ പരിക്കേറ്റ ഡോക്ടറെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. എന്‍.എസ്. കിഷോറിനാണ് പരിക്കേറ്റത്.

ആശുപത്രിയുടെ ശോചനീയാവസ്ഥ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആരോഗ്യവകുപ്പ് തിരിഞ്ഞ് നോക്കിയില്ല. നേരത്തെ ഡോക്ടറുടെ ചികിത്സാമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ ഫാന്‍ പൊട്ടി വീണിരുന്നു. സംഭവം വാര്‍ത്തയായതോടെ എസ്. ശര്‍മ്മ എംഎല്‍എ ആശുപത്രി സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ വാക്കും വെറും വാക്കായി. തീരദേശപ്രദേശത്തെ സാധാരണക്കാരായവര്‍ക്ക് ഏക ആശ്രയമാണ് പുതുവൈപ്പ് പ്രാധമികാരോഗ്യ കേന്ദ്രം. ഫാന്‍ പൊട്ടി വീണ് ഡോക്ടര്‍ ആശുപത്രിയിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.