കോഴിക്കോട്: കേരളത്തിലെ മറ്റേതൊരു ജില്ലയേക്കാളും വാഹാനാപകടങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് കോഴിക്കോട്. വാഹനങ്ങളുടെ മരണപാച്ചിലാണ് അപകടങ്ങള്‍ക്കും മരണസംഖ്യ ഉയരുന്നതിനും കാരണമാകുന്നത്. ഓരോ വര്‍ഷവും മരണ സംഖ്യയും അപകടങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ് ഇവിടെ. ഈ കഴിഞ്ഞ രണ്ടുമാസത്തിനിടെ 22 പേര്‍ക്കാണ് വാഹനങ്ങളുടെ മരണപാച്ചിലില്‍ ജീവന്‍ നഷ്ടമായത്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 28 വരെ 20 റോഡപകടങ്ങളിലാണ് 22 മരണം. ഇതില്‍ ഒക്ടോബറില്‍മാത്രം 16 ജീവനുകള്‍ പൊലിഞ്ഞു.
നാലുപേര്‍ ബസിടിച്ചും അഞ്ചുപേര്‍ ഇരുചക്രവാഹനങ്ങളിടിച്ചും നാലുപേര്‍ ലോറിയിടിച്ചും മൂന്ന് പേര്‍ കാറിടിച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ രണ്ട് കാല്‍ നടയാത്രക്കാരുമുണ്ട്. നാലുപേരെ ഇടിച്ചിട്ട വാഹനമേതാണെന്ന് പോലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്ടോബറില്‍ 127 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാരെ പോലെയാണ് ഇവിടുത്തെ തകര്‍ന്ന റോഡിലൂടെ പലരും ചീറിപ്പായുന്നത്.വാഹനമിടിച്ച് മരിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്യാറുണ്ട്. പിന്നീട് ഇവര്‍ ഇരുചക്ര വാഹനം പോലും ഓടിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പേരിനുമാത്രമാണ് ഈ നിയമങ്ങള്‍. അപകടങ്ങള്‍ നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വാഹനങ്ങളുമായി ചീറിപ്പായുന്ന ഡ്രൈവര്‍മാരെ നഗരത്തില്‍ കാണാന്‍ കഴിയും.
ഡ്രൈവറുടെ അശ്രദ്ധ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ പോലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുക്കാറ്. എന്നാല്‍ ചില അപൂര്‍വ്വം കേസുകളില്‍ പൊലീസ് കുറ്റകരമായ നരഹത്യാ കുറ്റം ചുമത്താറുണ്ട്. പക്ഷേ കോടതിയില്‍ കുറ്റപത്രം എത്തുമ്പോഴേക്കും ഇവയില്‍ പലതും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയായി മാറും. ഐപിസി 304 പ്രകാരം പത്തുവര്‍ഷമാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ. ജാമ്യം കിട്ടലും എളുപ്പമല്ല. പക്ഷേ, വാഹനാപകടക്കേസുകളില്‍ ഡ്രൈവര്‍മാര്‍ പത്തുവര്‍ഷം ശിക്ഷിക്കപ്പെട്ട സംഭവങ്ങള്‍ ജില്ലയില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.
എപ്പോള്‍ വേണമെങ്കിലും വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ സീബ്രാവരകള്‍ വരെ മുറിച്ച് കടക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണ് ഇവിടെ. ഈ വര്‍ഷം ഒക്ടോബര്‍വരെ 27 യാത്രക്കാരെയാണ് വാഹനങ്ങള്‍ സീബ്രാലൈനില്‍ ഇടിച്ചുവീഴ്ത്തിയത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പല റോഡുകളിലെയും സീബ്രാ വരകള്‍ മാഞ്ഞുപോയിട്ടുണ്ട്. സ്‌കൂളുകളിലെ ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ വാഹനമിടിച്ചുവീഴ്ത്തില്ലെന്ന ധൈര്യത്തോടെ കടക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
