ന്യൂഡല്‍ഹി: കൊലപാതകവും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നില്‍ നില്‍ക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2016-ല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കണക്കുകളനുസരിച്ച് 4889 കൊലപാതകങ്ങളാണ് 2016-ല്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആകെ നടന്ന കൊലപാതകങ്ങളുടെ 16.1 ശതമാനം വരും ഇത്. 8.4 ശതമാനം പങ്കാളിത്തവുമായി കൊലപാതകങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബീഹാറാണ് (2581).
ഇതുകൂടാതെ വനിതകള്‍ക്കെതിരായ അക്രമങ്ങളുടെ പേരില്‍ 49,262 കേസുകളാണ് പോയ വര്‍ഷം ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ മൊത്തം കേസുകളുടെ 14.5 ശതമാനം വരും ഇത്. 9.6 ശതമാനം പങ്കാളിത്തമുള്ള പശ്ചിമ ബംഗാളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് (32,513).
2015-ല്‍ നിന്നും 2016-ല്‍ എത്തുമ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ 12.4 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്(34,651-38,947). മധ്യപ്രദേശ് (12.5), ഉത്തര്‍പ്രദേശ് (12.4), മഹാരാഷ്ട്ര (10.7) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐപിസി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലും യുപിയാണ് മുന്നില്‍ നില്‍ക്കുന്നത് 9.5 ശതമാനം. മധ്യപ്രദേശ് (8.9),മഹാരാഷ്ട്ര (8.8), കേരളം (8.7) എന്നീ സംസ്ഥാനങ്ങളാണ് ഈ കണക്കില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. വിവിധ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ 37,37,870 പേരെയാണ് 2016-ല്‍ രാജ്യത്ത് അറസ്റ്റ് ചെയ്തത്.
